10:20am 09 November 2026
NEWS

വേർപിരിയാൻ കഴിയില്ല; സോഷ്യൽമീഡിയ താരങ്ങളായ മൂന്നു യുവതികളും ക്യാമറാമാനായ യുവാവിനെ വിവാഹം കഴിച്ചു

24/07/2026  10:22 AM IST
nila
 വേർപിരിയാൻ കഴിയില്ല; സോഷ്യൽമീഡിയ താരങ്ങളായ മൂന്നു യുവതികളും ക്യാമറാമാനായ യുവാവിനെ വിവാഹം കഴിച്ചു

ലക്നൗ: പരസ്പരം പിരിഞ്ഞ് ജീവിക്കാൻ കഴിയില്ലെന്ന തീരുമാനത്തെ തുടർന്ന് ഒരു യുവാവിനെതന്നെ വിവാഹം ചെയ്ത മൂന്ന് യുവതികളുടെ വിവാഹം വലിയ ചർച്ചയാകുന്നു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ദൗരിയ ഗ്രാമത്തിലാണ് മൂന്നു യുവതികൾ ഒരു യുവാവിനെ തന്നെ ഭർത്താവായി സ്വീകരിച്ചത്. വിവാഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സഹോദരിമാരായ സരോജ് (20), സാവിത്രി റാണി (19), ഇവരുടെ ബന്ധുവായ സന്തോഷ് ഖടക്‌വംശി (18) എന്നിവരാണ് ക്യാമറാമാനായ വികാസ് ഖടക്‌വംശിയെ (20) വിവാഹം ചെയ്തത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ യുവതികളുടെ വിഡിയോകൾ ചിത്രീകരിച്ചിരുന്നത് വികാസായിരുന്നു. ചില വിഡിയോകളിൽ യുവതികളുടെ ഭർത്താവായി വികാസ് അഭിനയിച്ചിരുന്നതും ശ്രദ്ധേയമാണ്.

വീട്ടുകാർ വിവാഹാലോചനകൾ ആരംഭിച്ചതോടെ തങ്ങൾ വേർപിരിഞ്ഞ് ജീവിക്കേണ്ടിവരുമെന്ന ആശങ്കയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് സരോജ് വിശദീകരിച്ചു. കുട്ടിക്കാലം മുതൽ ഒരുമിച്ചാണ് ജീവിച്ചതെന്നും വിവാഹം കാരണം വേർപിരിയേണ്ട സാഹചര്യം അംഗീകരിക്കാൻ കഴിയാത്തതിനാലാണ് ഒരേ വ്യക്തിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. തങ്ങൾ പ്രായപൂർത്തിയായവരാണെന്നും സ്വന്തം ജീവിതത്തെക്കുറിച്ചുള്ള തീരുമാനം സ്വതന്ത്രമായി എടുക്കാൻ അവകാശമുണ്ടെന്നും യുവതികൾ വ്യക്തമാക്കി.

ചാമുണ്ഡ മാതാ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിൽ മൂന്ന് യുവതികൾക്കും വികാസ് സിന്ദൂരം ചാർത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവാഹത്തിൽ ഇരുവിഭാഗം കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. സഹോദരിമാരുടെ അടുപ്പത്തെക്കുറിച്ച് അറിയാവുന്നതിനാലാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് വികാസും പ്രതികരിച്ചു.

അതേസമയം, സംഭവത്തിന് നിയമപരമായ സാധുതയില്ലെന്ന വിലയിരുത്തലാണ് നിയമവിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്. നിലവിലെ ഹിന്ദു വിവാഹനിയമപ്രകാരം ഒരാൾക്ക് ഒരേസമയം ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യാൻ അനുവാദമില്ലാത്തതിനാൽ ഈ വിവാഹത്തിന്റെ നിയമസാധുത ചോദ്യം ചെയ്യപ്പെടുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img